പാലക്കാട്: സംസ്ഥാനത്തുടനീളമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ അവരുടെ ഇഷ്ടതാരത്തിനോടുള്ള ആരാധന പല രീതിയിലും പ്രകടിപ്പിക്കാനുള്ള ആവേശത്തിലാണ് കുറേയേറെ നാളുകളായി. ഇപ്പോഴിതാ ഒറ്റപ്പാലത്തുള്ള ഒരു കൂട്ടം ബ്രസീല്‍ ആരാധകര്‍ 105 അടി ഉയരമുള്ള നെയ്മറുടെ കട്ട്ഔട്ട് തീര്‍ത്തിരിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരം കൂടിയ കട്ട്ഔട്ട് ആണിതെന്നാണ് യുവാക്കള്‍ അവകാശപ്പെടുന്നത്.ചെറുതുരുത്തി സ്വദേശി യൂസഫ് ആണ് കട്ട്ഔട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് പന്തല്‍ ഒരുക്കി പ്രസിദ്ധിയാര്‍ജിച്ചയാളാണ് യൂസഫ്.ഒറ്റപ്പാലം പാലത്തിന്റെ കിഴക്ക് ഭാഗത്താണ് കട്ട്ഔട്ട് സ്ഥാപിച്ചിരിക്കുന്നത്. 55 അടി ഉയരമുള്ള അര്‍ജന്റീനിയന്‍ താരം മെസ്സിയുടെ കട്ട്ഔട്ടിന് എതിര്‍വശത്തായാണ് നെയ്മറുടെ കട്ട്ഔട്ട് സ്ഥാപിച്ചിരിക്കുന്നത്.
ബുധനാഴ്ച്ച തന്നെ കട്ട്ഔട്ട് സ്ഥാപിച്ച് നേരുത്തേ തന്നെ ഒറ്റപ്പാലത്തുള്ള ഫുട്‌ബോള്‍ പ്രേമികള്‍ അവരുടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഒറ്റപ്പാലം ബ്രസീല്‍ ആരാധകര്‍ കട്ട്ഔട്ട് നിര്‍മിക്കാനുള്ള തീരുമാനമെടുത്തതും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും. പ്രദേശത്ത് തന്നെയുള്ള പി ടി ആര്‍ട്ട്‌സ് സ്‌ററുഡിയോയില്‍ ആണ് കട്ട്ഔട്ടിന്റെ ഡിസൈന്‍ വര്‍ക്കുകള്‍ നടത്തിയത്. 300 ഓളം അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഫുട്‌ബോള്‍ ആരാധകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനു പിന്നില്‍ സഹായകമായത് എന്ന് വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കെ അസ്‌കര്‍ അലി പറഞ്ഞു. എല്ലാവരും അവരവര്‍ക്ക് കഴിയും വിധമുള്ള സാമ്പത്തിക സഹായം ഇതിനായി നല്‍കിയെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
