ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ അഞ്ചു വര്‍ഷത്തെ വിലക്ക്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെതാണ് നടപടി. 25 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ തലപ്പത്തുണ്ടായിരുന്നു മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കും വിലക്കും പിഴയും ചുമത്തിയിട്ടുണ്ട്.

ഇതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കാനോ കഴിയില്ല. ഓഹരി വിപണിയില്‍ ഇടപെടുന്നതിനും വിലക്ക് ബാധകമാകും. റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്സ്ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ക്ലീനന്‍ ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കും 25 കോടി പിഴ ചുമത്തിയിട്ടുണ്ട്.

റിലയന്‍സ് ഹോം ഫിനാന്‍സിനെ അടുത്ത ആറു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ആറു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 222 പേജുള്ള കുറ്റപത്രത്തില്‍ അനില്‍ അംബാനിക്കെതിരെ ഗുരുതരുമായ ആരോപണങ്ങളാണ് ഉള്ളത്. റിലയന്‍സ് ഹോം ഫിനാന്‍സിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള ഒരു തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. കമ്പനി ഡയറക്ടര്‍ ഇത്തരം വായ്പാ രീതികള്‍ നിര്‍ത്താന്‍ ശക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും കോര്‍പ്പറേറ്റ് വായ്പകള്‍ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, മാനേജ്‌മെന്റ് ഈ ഉത്തരവുകള്‍ അവഗണിച്ചു. ഇതിനും അനില്‍ അംബാനിയുടെ ഒത്താശയുണ്ടായിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *