യുഎസിലെ വിസ്‌കോന്‍സിനില്‍ നടന്ന ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ച് കയറ്റി അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ്. ഡാരെല്‍ ബ്രൂക്‌സ് എന്നയാളാണ് ആക്രമണം നടത്തിയത്. മറ്റൊരു അടിപിടിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇയാള്‍ ആളുകളുടെ ഇടയിലേക്ക് കാറോടിച്ച് കയറ്റുകയായിരുന്നു. അഞ്ച് പേര്‍ കാറിടിച്ച് മരിക്കുകയും 49ാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ഇതൊരു തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി.
ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കുറ്റങ്ങളെങ്കിലും ബ്രൂകിനെതിരെ നേരത്തെ നിലവിലുണ്ട്. രണ്ട് ദിവസം മുമ്പാണ് ജയില്‍ മോചിതനായത്.
കാറിടിച്ച് പരിക്കേറ്റവരില്‍ 18 പേര്‍ കുട്ടികളാണ്. ഇതില്‍ ചില കുട്ടികള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ കുട്ടികളുള്‍പ്പെടെ ഇരയായ അടുത്ത കാലത്തെ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
