താമരശ്ശേരിയിൽ അറവു മാലിന്യ പ്ലാൻ്റ് ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി വാവാട് സ്വദേശി ഷഫീക് ആണ് പിടിയിലായത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. താമരശ്ശേരി നഗരത്തിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇയാൾ പൊലീസിൻ്റെ പിടിയിലാവുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ കേന്ദ്രത്തിലേക്ക് വ്യാപക ആക്രമണം ഉണ്ടായത്. സമാധപൂർവം നടത്തിയ പ്രതിഷേധം നിമിഷനേരം കൊണ്ട് വ്യാപക അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അടക്കം 21 പൊലീസുകാർക്കും, സമരത്തിൽ പങ്കെടുത്ത 28 പേർക്കും പരുക്കേറ്റിരുന്നു.
സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. സമീപ ജില്ലകളിൽ നിന്നുപോലും ആളുകൾ അറവു മാലിന്യ കേന്ദ്രത്തിലേക്ക് എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പലരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഒളിവിലാണ്.
ഈ മാസം 29ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്
