കോഴിക്കോട്: മുസ്ലിം സമുദായത്തെ ഭയന്നു കൊണ്ടാണ് ഇതര സമുദായങ്ങള്‍ കേരളത്തില്‍ ജീവിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും പ്രതിഷേധാര്‍ഹവുണെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസ്താവിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി കേരളീയ സമൂഹത്തില്‍ വര്‍ഗീയതയും ധ്രുവീകരണവും വളര്‍ത്താനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്നത്. സമുദായസ്പര്‍ദ്ധവളര്‍ത്തി അധികാരവും സ്ഥാനമാനങ്ങളും നേടാനുള്ള കുതന്ത്രമാണിത്. ഈഴവ സമുദായത്തിന്റെ പേര് പറഞ്ഞ് അവകാശങ്ങള്‍ നേടിയെടുക്കുകയും അതിന്റെ ഗുണഫലങ്ങള്‍ സമുദായത്തിന് ലഭിക്കാതിരിക്കുകയും ചെയ്യുന്നതില്‍ ആ സമുദായത്തിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. ഇതിനെ മറികടക്കാനാണ് വെള്ളാപ്പള്ളി വര്‍ഗീയത ആയുധമാക്കുന്നത്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി എസ് എന്‍ ഡി പി യോഗത്തെ ഫാസിസത്തിന്റെ വാലാക്കി മാറ്റുകയാണ് വെള്ളാപ്പള്ളി.

നൂറ്റാണ്ടുകളായി കേരളീയ പൊതുസമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ജീവിക്കുന്ന മുസ്ലിം സമുദായത്തെ കുറിച്ച് നുണപ്രചാരണങ്ങള്‍ നടത്തി ഇതര സമുദായങ്ങളില്‍ ഭയം ജനിപ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.
ഇത്തരം വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ ഭരണകൂടം നിസ്സംഗത പുലര്‍ത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നവോത്ഥാന സമിതി പോലുള്ള സംഘടനകളുടെ നേതൃത്വത്തിലിരുന്ന് പച്ചയായ വര്‍ഗീയത വിളിച്ചു പറയുന്നതിനെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ന്യൂനപക്ഷ പ്രീണനം എന്ന നുണ വെള്ളാപ്പള്ളി നടേശന്‍ നിരന്തരമായി ആവര്‍ത്തിക്കുമ്പോള്‍ മറുപടി നല്‍കാന്‍ ബാധ്യതയുള്ളത് സര്‍ക്കാറിനാണ്. വെള്ളാപ്പള്ളി ആരോപിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ ധവള പത്രം പുറത്തിറക്കണമെന്നും കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം മുഹമ്മദ് മദനി സെക്രട്ടറി ഹനീഫ് കായക്കൊടി എന്നിവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *