കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹരജി നല്‍കിയേക്കുമെന്ന് സൂചന.കേസിൽ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും വിജയ് ബാബു തന്റെ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു.ഫേസ്ബുക്ക് ലൈവിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് കൊച്ചി സിറ്റി പോലീസ് കേസെടുത്തിരുന്നു.കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.പ്രതി വിദേശത്തായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ ആയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബലാത്സംഗ കേസുകളിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമമാണ് വിജയ് ബാബു ലംഘിച്ചത്. യുവതിയുടെ പേര് വെളിപ്പെടുത്തിയതോടെ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.

ഇതിന് പിന്നാലെ വിജയ് ബാബുവിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഡബ്ല്യു.സി.സി അടക്കമുള്ള സംഘടനകള്‍ വിജയ് ബാബുവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *