ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല.

രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്.

രേഖകള്‍ കണ്ടെത്താന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ പരിശോധന നടത്തിയിട്ടും രേഖകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പമ്പയിലും ആറന്‍മുളയിലുമുള്‍പ്പടെ പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് നിലവിലെ ദേവസ്വം ബോര്‍ഡും സംശയിക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. ഉദ്യോഗസ്ഥരോട് രേഖകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്.

അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ എസ്‌ഐടിക്ക് കസ്റ്റഡിയില്‍ നല്‍കുന്നതില്‍ കോടതി തീരുമാനമെടുക്കും. കഴിഞ്ഞദിവസം എസ്‌ഐടി നല്‍കിയ പ്രൊഡക്ഷന്‍ വാറന്റാണ് റാന്നി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്. ഇന്ന് തന്നെ കസ്റ്റഡി അനുവദിക്കാനാണ് സാധ്യത. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെയാണ്. അത് തീരും മുന്‍പ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി 29-ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബു, സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ പുറത്തേക്കുകൊണ്ടുപോയ കേസില്‍ ആറാം പ്രതിയാണ്. മുരാരി ബാബു തട്ടിപ്പിന് പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *