കൊച്ചി: റാപ്പര്‍ വേടന് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെന്‍ട്രല്‍ പൊലീസെടുത്ത കേസില്‍ കേരളം വിട്ടുപോകരുതെന്നതടക്കം വ്യവസ്ഥകളോടെയാണ് സെഷന്‍സ് കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.

ഈ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന ആവശ്യമായിരുന്നു വേടന്‍ മുന്നോട്ടുവെച്ചത്. സ്റ്റേജ് പെര്‍ഫോമന്‍സ് ആണ് തന്റെ പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗമെന്നും അതിനാല്‍ ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു വേടന്റെ ആവശ്യം.

കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗവേഷക വിദ്യാര്‍ഥിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 21-ന് സെന്‍ട്രല്‍ പോലീസ് കേസ് എടുത്തത്. പരാതി അടങ്ങിയ ഇ-മെയിലില്‍ മൊബൈല്‍ ഫോണ്‍ നമ്പറോ മേല്‍വിലാസമോ ഉണ്ടായിരുന്നില്ല. അതിനാല്‍ തുടക്കത്തില്‍ പൊലീസിന് പരാതിക്കാരിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് മേല്‍വിലാസവും ഫോണ്‍ നമ്പറും ശേഖരിച്ച പൊലീസ് പരാതിക്കാരിയോട് മൊഴിയെടുപ്പിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനിടെ പൊലീസിന്റെ നോട്ടീസിനെതിരെ യുവതി ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനാല്‍ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാന്‍ കഴിയില്ലെന്ന് നിലപാടിലായിരുന്നു സെന്‍ട്രല്‍ പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *