തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ കോൺഗ്രസ്. സജി ചെറിയാനെ മന്ത്രിയാക്കുന്നത് ധാർമികമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ എങ്ങനെയാണ് തെളിവ് കിട്ടുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോടതിയുടെ അഭിപ്രായം വരും മുമ്പേ സജി ചെറിയാന്റെ കാര്യത്തിൽ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. ഭരണ ഘടനയെ അവഹേളിക്കുകയാണ് സജി ചെറിയാൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് സജി ചെറിയാൻ രാജിവെച്ചത്. കേസിൽ പോലീസ് അനുകൂല റിപ്പോർട്ട് നൽകിയതോടെയാണ് സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് വഴി തുറന്നത്. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യ പ്രതിജ്ഞ നടത്താനാണ് ധാരണ.

നിയമപ്രശ്നങ്ങളില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭ പുനപ്രവേശന തീരുമാനത്തിലേക്ക് സിപിഎം എത്തിയത്. സജി ചെറിയാൻ രാജി വച്ചെങ്കിലും മന്ത്രിസഭയിൽ ഒഴിവ് നികത്തിയിരുന്നില്ല.

ജൂലൈ മൂന്നിനാണ് മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നത്. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചപ്പോൾ ഭരണഘടനയെ വിമർശനത്തോടെ പരാമർശിക്കുകയായിരുന്നെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *