അമേരിക്കയുടെ F15 യുദ്ധവിമാനം തകര്‍ത്ത് ഇറാന്‍. യുദ്ധവിമാനം ഇറാന്‍ വെടിവച്ചിടുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടു. കുവൈറ്റില്‍ വച്ച് അമേരിക്കയുടെ യുദ്ധവിമാനം തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങളും ഇറാന്‍ പുറത്തുവിട്ടു. ജനവാസ മേഖലയ്ക്ക് സമീപത്തുവച്ചാണ് വിമാനം തകര്‍ന്നുവീണത്. പരുക്കേറ്റ പൈലറ്റിനെ കുവൈത്തികള്‍ ഒരു പിസാ ബോയ്‌യുടെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതും അയാളെ സഹായിക്കുന്നതായുമുള്ള വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടന്നതായി അമേരിക്കയോ കുവൈറ്റോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരിക്കിലും യുദ്ധവിമാനം അമേരിക്കയുടേത് തന്നെയെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്.

അതേസമയം ഇന്നും സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ അശാന്തമാണ്. സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുസ്ഥിരവും ഫലപ്രദവുമായ ഇടപെടല്‍ വേണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആവശ്യപ്പെട്ടു. ഇറാന്റെ ബഹ്‌റൈന്‍ ആക്രമണത്തില്‍ ഒരുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനാമയിലെ സല്‍മാല്‍ തുറമുഖത്തിന് സമീപം മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത് ഏഷ്യന്‍ വംശജനാണ്. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. സൈപ്രസിലെ ബ്രിട്ടീഷ് സേനാ ആസ്ഥാനത്തേക്ക് ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ ആക്രമണം ചെറുക്കാനുള്ള നീക്കങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി ഫോണില്‍ സംസാരിച്ചു. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാണ് നടക്കുക. യുഎഇയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് റിമോട്ട് വര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *