ലോക്‌സഭ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ തുടക്കമിട്ട്‌ മാവേലിക്കര യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും പത്തനംതിട്ട സ്ഥാനാർഥി ആന്‍റോ ആന്‍റണിയും. കോട്ടയം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച ശേഷമാണ് ഇരുവരും പ്രചാരണം ആരംഭിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരും പുതുപ്പള്ളിയിലെത്തിയത്.ഉമ്മൻചാണ്ടി ഗുരുനാഥൻ ആണെന്നും പത്തനംതിട്ടയിൽ വിജയിക്കാനുള്ള സാഹചര്യം ആണ് നിലവിൽ ഉള്ളതെന്നും ആന്‍റോ ആന്‍റണി മാധ്യമങ്ങളോട്‌ പറഞ്ഞു.നാലാം വട്ടവും മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തെരഞ്ഞെടുപ്പുകൾക്കു മുൻപ് ഉമ്മൻചാണ്ടിയെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിയാണ് തുടങ്ങാറുള്ളത്. തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി കൈപിടിച്ച് നടത്തിയത് ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹത്തിന്‍റെ അനുഗ്രഹം തേടിയാണ് പുതുപ്പള്ളിയിലെ കല്ലറയിൽ എത്തിയത്. പ്രാർത്ഥിച്ച് പൂക്കളർപ്പിച്ച് ശേഷം കല്ലറയിൽ ചുംബിച്ചു. ഉമ്മൻ ചാണ്ടിയായിരുന്നു തന്‍റെ നാഥൻ. ഉമ്മൻ ചാണ്ടിയുടെ വിടവ് തെരഞ്ഞെടുപ്പിലുണ്ടാകും. കോൺഗ്രസിന്‍റെ സംഘടന ചുമതലയുള്ള മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും അത് അനിവാര്യമാണെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *