വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ മാർഗങ്ങൾ ഒരുക്കാൻ കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി കരാറിൽ ഒപ്പുവെച്ച് കേരളം. ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്‌സിൽ ചേർന്ന യോഗത്തിൽ കേരള വനം മന്ത്രി എ.കെ. ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്‌നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്‌ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.വന്യജീവി സംഘർഷം, വേട്ടയാടൽ, വനം, വന്യജീവി സംരക്ഷണം എന്നിവയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ തീരുമാനിച്ചതായി കർണാടക വനം മന്ത്രി ഈശ്വര ഖണ്ഡ്രെ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങൾക്കും ബാധകമായ നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.വന്യമൃഗങ്ങൾ ഒരു വനത്തിൽ നിന്ന് മറ്റൊന്നിലേക്ക് സ്വതന്ത്രമായി നീങ്ങുന്നു. നൂറുകണക്കിന് വർഷങ്ങളായി ആനകൾ തമിഴ്‌നാടിനും കേരളത്തിനും കർണാടകത്തിനും ഇടയിൽ സ്വതന്ത്രമായി വിഹരിക്കുന്നു. കടുവകളും ഒരു വനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു. ഏത് സംസ്ഥാനത്തായാലും ഈ വന്യമൃഗങ്ങളാൽ ജീവനാശത്തിനോ വിളകൾക്കോ ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കണം. അതും ചർച്ച ചെയ്‌തിട്ടുണ്ട്. ഇതിന് ഉടൻ തന്നെ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വന്യജീവി-മനുഷ്യ സംഘർഷവും, വേട്ടയാടലും, കാട്ടുതീ നിയന്ത്രണവും, തടയാൻ നൂതന സാങ്കേതിക വിദ്യയുടെ കാര്യക്ഷമമായ ഉപയോഗം ആവശ്യമാണ്. ഇതും യോഗത്തിൽ ചർച്ച ചെയ്‌തിട്ടുണ്ട്. നിലവിൽ കേരളവും കർണാടവുമാണ് നിലവിൽ കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. തമിഴ്‌നാട് വനംവകുപ്പ് മന്ത്രിയ്ക്ക് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ തമിഴ്‌നാട് കരാറിൽ ഒപ്പുവെച്ചിട്ടില്ല. പക്ഷേ തമിഴ്‌നാടും കരാറിൻ്റെ ഭാഗമായിരിക്കും.മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരേപോലെയും ഫലപ്രദമായും നടകത്താൻ സാധിക്കുന്ന സംയുക്ത ദൗത്യങ്ങൾ അതിവേഗത്തിൽ നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയമിച്ചാണ് സഹകരണം ഉറപ്പാക്കുക. കരാറിന്‍റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *