മരുഭൂമിയിലെ മണൽപ്പരപ്പിൽ കുതിച്ചുപായുന്ന ഡെസേർട്ട് ബൈക്ക് സ്വന്തമായി നിർമിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു മങ്കട കുഴാപറമ്പിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷക്കീബിന്. മോഹങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന ആ മിടുക്കൻ അതും നിർമിച്ചു. വെറും 20000 രൂപ മാത്രം ചെലവഴിച്ച്. വടക്കാങ്ങര ടി.എസ്.എസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഷക്കീബ്. കഴിഞ്ഞ വർഷം ബൈക്ക് നിർമിച്ച് ഈ മിടുക്കൻ ശ്രദ്ധേയനായിരുന്നു. ഇത്തവണ വ്യത്യസ്തമായി ഓഫ് റോഡ് ജീപ്പ് നിർമിക്കണമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും വൻ സാമ്പത്തിക ചെലവും കാരണം ജീപ്പ് ഉപേക്ഷിച്ച് ഡെസേർട്ട് ബൈക്ക് നിർമിക്കുകയായിരുന്നുവെന്ന് ഷക്കീബ് പറഞ്ഞു. പഴയ ഹീറോ ഹോണ്ട മോട്ടോർ ബൈക്കിന്റെ എൻജിനാണ് വാഹനത്തിൽ ഉപയോഗിച്ചത്. ഓട്ടോ ഡ്രൈവറായ ഉപ്പയുടെ കയ്യില്‍ എഞ്ചിന്‍ വാങ്ങിത്തരാനുള്ള പണമില്ലാത്തതിനാല്‍ താന്‍ പത്ര വിതരണക്കാരനായി കിട്ടിയ പണം ഉപയോഗിച്ചാണ് ആദ്യം ബൈക്ക് നിര്‍മിച്ചതെന്ന് ഷക്കീബ്. കൂടാതെ നാട്ടുകാരനായ ഷറഫുദ്ദീൻ മന്നാട്ടിലിന്‍റെ സാമ്പത്തിക സഹായവും ലഭിച്ചു. “ചെറുപ്പത്തില്‍ മിനിയേച്ചര്‍ രൂപത്തില്‍ ബൈക്കുകള്‍ ഉണ്ടാക്കിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ സൈക്കിള്‍ ബൈക്ക് ഉണ്ടാക്കി. അപ്പോള്‍ ഒരു സ്പോണ്‍സര്‍ വന്നു. അടുത്ത ആഗ്രഹമെന്താണെന്ന് ചോദിച്ചു. ഞാന്‍ ഡെസേര്‍ട്ട് ബൈക്കിന്‍റെ കാര്യം പറഞ്ഞു. രണ്ടും കല്‍പ്പിച്ച് ചെയ്തോ, സാധിക്കുമെന്ന് പറഞ്ഞ് പൈസ തന്നു.അങ്ങനെ തുടങ്ങിയതാണ്. അവസാനം ഇവിടെയെത്തി”- ഷക്കീബ് പറഞ്ഞു. പഴയ സാധനങ്ങള്‍ ഉപയോഗിച്ച് വേറെയും യന്ത്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് ഷക്കീബ്. പുല്ല് അരിയുന്ന യന്ത്രം ഉള്‍പ്പെടെ ആദ്യ കാലത്ത് നിര്‍മിച്ചു. ഭാവിയിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് പഠിക്കാനാണ് ഷക്കീബിന് താൽപര്യം. ആരും ഇറക്കാത്ത വാഹനങ്ങള്‍ നിര്‍മിക്കണമെന്നാണ് ആഗ്രഹമെന്ന് ഷക്കീബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *