ലെബനനിലെ ക്ലിനിക്കിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലാണ് ആക്രമണമുണ്ടായത്. ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ലെബനോണില്‍ ഇതുവരെ കൊല്ലപ്പെട്ടത് 103 കുട്ടികളടക്കം 773 പേരാണ്. ഇസ്രയേലുമായി ദീര്‍ഘകാല യുദ്ധത്തിന് തയാറെന്ന് ഹിസ്ബുല്ല നേതാവ് നയീം ക്വാസിം വ്യക്തമാക്കി.

തെക്കന്‍ ലെബനനിലെ ബുര്‍ജ് ഖലൗയ്യ ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് ആക്രമണം നടന്നത്. ആക്രമണം നടന്നയിടത്ത് തിരച്ചില്‍ നടത്തി വരികയാണെന്നും കൂടുതല്‍ പേരെ കാണാതായതായി സംശയിക്കുന്നുവെന്നും ലെബനനിലെ ആരോഗ്യവകുപ്പ് അറിയിച്ചു. ഇസ്രേയല്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ ചികിത്സിച്ച ശേഷം നോമ്പുതുറയ്ക്കും മറ്റ് വിശ്രമത്തിനുമായി ക്ലിനിക്കില്‍ ഒത്തുചേര്‍ന്ന ആരോഗ്യപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ച ശേഷം 773 പേര്‍ ലെബനനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതില്‍ 103 പേര്‍ കുട്ടികളാണെന്നുമാണ് ഭരണകൂടത്തിന്റെ കണക്ക്. വിവിധ ആക്രമണങ്ങളില്‍ 1900 പേര്‍ക്കാണ് പരുക്കേറ്റത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ലെബനന്‍ ഭരണകൂടം ശക്തമായി അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *