തെക്കന്‍ ഗസ്സയിലെ റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കരുതെന്ന് ന്യൂസിലാന്‍ഡ്, ആസ്ത്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗസ്സയില്‍ കരയാക്രമണം നടത്തുന്നത് വിനാശകരമായിരിക്കും. ഇസ്രായേല്‍ അവരുടെ സഖ്യകക്ഷികളെയും അന്താരാഷ്ട്ര സമൂഹത്തെയും കേള്‍ക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റഫയില്‍ കരയാക്രമണം നടത്താന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതില്‍ തങ്ങള്‍ അതീവ ആശങ്കാകുലരാണ്. റഫയിലെ സൈനിക നടപടി വിനാശകരമാകും. ഏകദേശം 1.5 ദശലക്ഷം ഫലസ്തീനികളാണ് ഈ പ്രദേശത്ത് അഭയം തേടിയിട്ടുള്ളത്. ഗാസയിലെ മാനുഷിക സാഹചര്യം ഇതിനകം തന്നെ ഭയാനകമാണ്. അവിടെ സൈനിക നടപടി ആരംഭിച്ചാല്‍ സാധാരണക്കാരുടെ അവസ്ഥ ദുരിതപൂര്‍ണമാകും. ഈ പാത തെരഞ്ഞെടുക്കരുതെന്ന് ഇസ്രായേല്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുകയാണ്. മാനുഷിക സഹായത്തോടൊപ്പം ഗസ്സ മുനമ്പില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇതുവരെ 28,576 പേരാണ് ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 68,291 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *