ആലപ്പുഴ ∙ ബിജെപിയോട് ഇടയുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം ഇടപെടുന്നു. ബിഡിജെഎസ് നേതാക്കളെ ചർച്ചയ്ക്കായി 21നു ഡൽഹിയിലേക്കു ബിജെപി നേതാക്കൾ ക്ഷണിച്ചതായാണ് വിവരം. മുന്നണി വിടുന്ന കാര്യം ആലോചിക്കുമെന്നു വരെ സൂചിപ്പിച്ച ബിഡിജെഎസ് നേതാക്കളുടെ പരിഭവം തീർക്കാനുള്ള ചർച്ചയിൽ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തേക്കും.

കൊച്ചിയിൽ നടന്ന ബിഡിജെഎസ് സംസ്ഥാന പഠന ശിബിരത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ബിജെപി നേതാക്കൾ എത്താഞ്ഞതിനെ ബിഡിജെഎസ് നേതാക്കൾ വിമർശിച്ചിരുന്നു. അതിനു മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത സമ്മേളനത്തിൽ സുരേഷ് ഗോപി സ്വയം സ്ഥാനാർഥിത്വവും സീറ്റും പ്രഖ്യാപിക്കുന്ന വിധം പ്രസംഗിച്ചതിലും ബിഡിജെഎസിനു പ്രതിഷേധമുണ്ട്.

ആറു മാസത്തിനകം സംസ്ഥാന കൺവൻഷൻ നടത്തി കരുത്തുകാട്ടുമെന്ന് ശിബിരം ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് ബിജെപിക്കു കൂടിയുള്ള മുന്നറിയിപ്പാണ്. ബൂത്ത് തലം മുതൽ സമ്മേളനങ്ങൾ നടത്തിയ ശേഷമുള്ള കൺവൻഷനിൽ പാർട്ടി പുതിയ രാഷ്ട്രീയ നിലപാട് ലപാട് പ്രഖ്യാപിച്ചേക്കുമെന്നും അറിയുന്നു. 27ന് എൻഡിഎ നടത്താനിരിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പാർട്ടി പങ്കെടുക്കണോ എന്നതു പുനരാലോചിക്കണമെന്നു പോലും പഠന ശിബിരത്തിൽ ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *