രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,874 പേര്‍ കോവിഡ് മൂലം മരിച്ചു. 3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,57,72,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്.

രാജ്യത്ത് ഇതുവരെ 18,70,09,792 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം കോവിഡ് വന്ന് ഭേദമായവര്‍ക്കും മൂന്നുമാസത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് ചികിത്സയുടെ ഭാഗമായി ആന്റിബോഡിയോ പ്ലാസ്മയോ സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം രക്തം ദാനംചെയ്യാം. രോഗം ഭേദമായി ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ നെഗറ്റീവ് വന്നാല്‍ രണ്ടാഴ്ചയ്ക്കുശേഷം രക്തദാനത്തിന് തടസ്സമില്ല. പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ സ്വീകരിക്കാം. ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാമോ എന്ന വിഷയം വിദഗ്ധസമിതിയുടെ പഠനത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *