ലക്ഷദ്വീപില്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യേണ്ട കാര്യമില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് അഡ്മിനിസ്‌ട്രേഷന്‍. ദ്വീപിലാരും പട്ടിണികിടക്കുന്നില്ല. ന്യായവില ഷോപ്പുകള്‍ തുറക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇതിനിടെ അഡ്മിനിസ്‌ട്രേഷന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
ലക്ഷദ്വീപില്‍ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താല്‍പര്യഹര്‍ജിയിലാണ് കലക്ടര്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. അവിടെ ചികില്‍സയും വിദ്യാഭ്യാസവും സൗജന്യമാണ്. ലോക്ഡൗണാണെങ്കിലും 39 ന്യായവില കടകള്‍ തുറന്നിരുപ്പുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ദിവസവും മൂന്നു മണിക്കൂര്‍ തുറക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല. മല്‍സ്യബന്ധനമടക്കമുളള തൊഴിലുകള്‍ക്ക് പോകുന്നതിനും തടസമില്ല. ഈ സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും തളളണമെന്നുമാണ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലക്ഷദ്വീപ് നിവാസികളുടെ സമ്മതമില്ലാതെയുളള നിയമപരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് ലക്ഷദ്വീപ് ഫോറം കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. കൊച്ചിയില്‍ പ്രതിഷേധപരിപാടി എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. ഇതിനിടെ ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടകത്തിലേക്ക് മാറ്റുന്നെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
