ക്യൂബയിലുടനീളം ഇന്നലെ വീണ്ടും സമ്പൂർണ വൈദ്യുതി തടസ്സം അനുഭവപ്പെട്ടു. ഒരു കോടിയിലധികം പേരെയാണ് വൈദ്യുതി തടസ്സം ബാധിച്ചത്. ദേശീയ വൈദ്യുത സംവിധാനം പൂർണമായും തടസ്സപ്പെട്ടുവെന്നും പുനഃ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ക്യൂബൻ ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.
ഇന്ധനപ്രതിസന്ധി മൂലം കഴിഞ്ഞ തിങ്കളാഴ്ചയും ക്യൂബ ഇരുട്ടിലായിരുന്നു. ക്യൂബയിലേക്ക് വെനസ്വേലയിൽ നിന്നുള്ള എണ്ണയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ക്യൂബ പ്രതിസന്ധിയിലായത്.
ക്യൂബയ്‌ക്കെതിരെ അമേരിക്കൻ ആക്രമണം പ്രതീക്ഷിക്കുന്നതായി ഇന്നലെ ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ പറഞ്ഞിരുന്നു. ക്യൂബയുടെ രാഷ്ട്രീയ സംവിധാനം അമേരിക്കയ്ക്കു മുന്നിൽ അടിയറവ് വെക്കില്ലെന്ന് ഇന്നലെ ക്യൂബൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാർലോസ് ഫെർണാണ്ടസ് ഡി കോസിയോ വ്യക്തമാക്കിയിരുന്നു. ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനലിനെ മാറ്റാൻ അമേരിക്ക നിർദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ക്യൂബയിലെ അമേരിക്കൻ എംബസിയുടെ പ്രവർത്തനത്തിന് ഇന്ധനം ഇറക്കുന്നത് ക്യൂബ തടഞ്ഞിരുന്നു. രണ്ട് റഷ്യൻ കപ്പലുകൾ ക്യൂബയ്ക്കുള്ള ഇന്ധനവുമായി വരുന്ന ദിവസങ്ങളിൽ ക്യൂബയിലെത്തും.
