രാജാ രവിവര്‍മയുടെ ‘യശോദയും കൃഷ്ണനും’ എന്ന പെയിന്റിങ് ലേലത്തിൽ വിറ്റത് 38 കോടി രൂപയ്ക്ക്. മുംബൈയിലെ പുണ്ടോള്‍ ഗാലറിയില്‍ വ്യാഴാഴ്ച നടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് പെയിന്റിങ്ങിന് റെക്കോഡ് തുക ലഭിച്ചത്. യശോദയുടെ മടിയില്‍ ഉണ്ണിക്കണ്ണന്‍ ഇരിക്കുന്ന ചിത്രമാണ് രവിവര്‍മ എണ്ണച്ചായത്തില്‍ തീര്‍ത്തിരിക്കുന്നത്.ശില്‍പങ്ങളും ചിത്രങ്ങളുമടക്കം 83 കലാസൃഷ്ടികളാണ് ലേലത്തില്‍ വെച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഈ പെയിന്റിങ്ങിനാണ്. 10 കോടി മുതല്‍ 15 കോടി രൂപ വരെയായിരുന്നു വില നിശ്ചയിച്ചിരുന്നത്.

രവിവര്‍മയുടെ മൂന്നു ചിത്രങ്ങളും ഒരു രേഖാചിത്രവുമാണ് ലേലത്തിലുണ്ടായിരുന്നത്. പെയിന്റിങ്ങുകള്‍ മൂന്നും ജര്‍മന്‍കാരനായ ഫ്രിറ്റ്സ് ഷ്ളിച്ചര്‍ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ്. രേഖാചിത്രം രവിവര്‍മ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ്. രവിവര്‍മയുടെ മറ്റു രണ്ട് പെയിന്റിങ്ങുകളായ ‘ശിവഭഗവാനും കുടുംബവും’ 16 കോടിക്കും ‘കംസവധം, കൃഷ്ണന്റെ യുവത്വം’ എന്നീ ചിത്രങ്ങള്‍ ചേര്‍ന്നുള്ള പെയിന്റിങ് നാലു കോടി രൂപയ്ക്കുമാണ് വിറ്റത്. രാവണന്‍ ജടായുവിനെ നേരിടുന്നതിന്റെ പെന്‍സില്‍ രേഖാചിത്രത്തിന് 2.6 കോടിയും കിട്ടി.മുംബൈയില്‍ രവിവര്‍മ ആരംഭിച്ച പ്രസ് നടത്താനായി ജര്‍മനിയില്‍ നിന്നുവന്ന ആളാണ് ഫ്രിറ്റ്‌സ് ഷ്‌ളിച്ചര്‍. പിന്നീട് ലോണാവാലിയിലേക്ക് മാറ്റിസ്ഥാപിച്ച പ്രസ് രവിവര്‍മ അദ്ദേഹത്തിന് വില്‍ക്കുകയായിരുന്നു.പ്രസ് വാങ്ങിയ ഷ്‌ളിച്ചര്‍ അവിടെയുണ്ടായിരുന്ന രവിവര്‍മയുടെ പെയിന്റിങ്ങുകള്‍ കൂടി സ്വന്തമാക്കി. അതില്‍ നിന്നാണ് മൂന്നെണ്ണം ഇപ്പോള്‍ ലേലത്തില്‍ വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *