രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആക്ടിവ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് 1,14,428.

1,73,790 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 3617 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,77,29,247 പേര്‍ക്കാണ്. മരണം 3,22,512.

നിലവില്‍ രാജ്യത്ത് 22,28,724 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,84,601 പേര്‍. ഇതുവരെയുള്ള രോഗമുക്തി നിരക്ക് 90.80%.

പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 9.84%. തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് പത്തു ശതമാനതതിനു താഴെയെത്തി. ഇന്നലെ പരിശോധിച്ചതില്‍ 8.36% പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്.

അതിനിടെ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ലോക്ക്ഡൗണ്‍ നീട്ടി. തമിഴ്‌നാട്ടില്‍ ജൂണ്‍ ഏഴു വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ വിതരണം ചെയ്യാം. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് വിതരണസമയം.

ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാന്‍ ജൂണ്‍ മാസത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 13 ഉത്പന്നങ്ങളാവും കിറ്റില്‍ ഉണ്ടാവുക. ലോക്ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *