വീടുകള്‍ പൊളിച്ചു മാറ്റുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ പുതിയ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരെ ഡെപ്യൂട്ടി കളക്ടര്‍മാരായി നിയമിച്ചു കൊണ്ടാണ് അഡ്മിനിസ്ട്രേഷന്റെ പുതിയ നീക്കം. വീടുകള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവിടാന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് അഡ്മിനിസ്ട്രേഷന്റെ തസ്തികമാറ്റ തന്ത്രം.
തീരദേശങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും ശുചിമുറികളും, വാട്ടര്‍ ടാങ്കുകളും പൊളിച്ച് മാറ്റണം എന്നായിരുന്നു ബിഡിഒ നല്‍കിയ നിര്‍ദ്ദേശം. കടല്‍ തീരത്തിന്റെ 20 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ക്കാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ്വീപ് ഭരണകൂടം നോട്ടീസും നല്‍കിയിരുന്നു. ഇതിനെ തടഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
കവരത്തിയില്‍ 102 വീടുകള്‍ക്കാണ് നോട്ടീസ് ലഭിച്ചിരുന്നത്. അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ അധികൃതര്‍ ഇടപെട്ട് ഇവ പൊളിച്ചു നീക്കുമെന്നും ഇതിന്റെ ചെലവ് ഉടമകളുടെ കയ്യില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ദ്വീപിലെ തീരദേശങ്ങളിലെ മത്സ്യബന്ധന ഷെഡുകള്‍ ഭരണകൂടം ഇടപെട്ട് പൊളിച്ചു നീക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നോട്ടീസ് നല്‍കിയത്.