രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ്-19 കേസുകളിൽ കുറവ്. കഴിഞ്ഞ ഒരാഴ്‌ചയായി ആശ്വാസം പകരുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പ്രതിദിന കണക്കുകളിൽ ആശ്വാസമുണ്ടെങ്കിലും മരണനിരക്ക് കുറയ്‌ക്കാൻ സാധിക്കാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ മാത്രം 2,38,022 പേർ രോഗമുക്തരായി. 3128 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിൽ 20,26,092 രോഗികളാണ് ചികിത്സയിൽ തുടരുന്നത്. 3,29,100 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.

ഇതിനോടകം 2,80,47,534 പേർക്കാണ് രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതിൽ 2,56,92,342 പേരും രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 91.60 ശതമാനമായി ഉയർന്നു. 9.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ ഏഴാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയെത്തുന്നത്.

24 മണിക്കൂറിനിടെ 28,864 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാടാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിൽ. കർണാടക, കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരിൽ 66.22 ശതമാനം രോഗികളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.

വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 21,31,54,129 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. 34,48,66,883 പേരുടെ സാംപിളുകൾ ഇതുവരെ പരിശോധിച്ചു. ഇതിൽ ഞായറാഴ്ച മാത്രം 16,83,135 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *