ചെന്നൈ: ഓണത്തിരക്ക് കുറയ്ക്കാനെന്ന പേരിൽ കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടും റെയിൽവേ ശനിയാഴ്ച രാത്രി പ്രഖ്യാപിച്ച സ്പെഷൽ ട്രെയിൻ ഓടിയത് കാലിയായി. സ്ഥിരം ട്രെയിനുകളിൽ നൂറുകണക്കിനു ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ കിടക്കുമ്പോഴാണു സ്പെഷൽ ട്രെയിനുകൾ യാത്രക്കാരില്ലാതെ ഓടിയത്.
സ്പെഷൽ ട്രെയിനുകൾ നേരത്തേ പ്രഖ്യാപിക്കണമെന്ന ചെന്നൈ മലയാളികളുടെ നിരന്തര ആവശ്യത്തിനു പുല്ലുവില കൽപിക്കുന്ന സമീപനം ഇത്തവണയും മാറ്റമില്ലാതെ റെയിൽവേ തുടർന്നു. ചെന്നൈ സെൻട്രലിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.45നു തിരുവനന്തപുരം നോർത്തിലേക്കു പുറപ്പെട്ട ട്രെയിനിൽ 800ലേറെ സീറ്റുകളാണു ബാക്കിയായത്.
കാട്പാടി, സേലം, നാമക്കൽ, കരൂർ, മധുര, കൊല്ലം വഴി സർവീസ് നടത്തിയ ട്രെയിൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലേക്കു യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്രദമായിരുന്നു. എന്നാൽ, ട്രെയിൻ പുറപ്പെടുന്നതിനു തലേന്നു രാത്രി 9നു ശേഷമാണു സ്പെഷൽ ട്രെയിൻ സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ഒരാഴ്ച മുൻപെങ്കിലും അറിയിച്ചിരുന്നെങ്കിൽ, ഒട്ടേറെ പേർക്കു സുഗമമായി നാട്ടിലെത്താൻ സാധിക്കുമായിരുന്നു.
അതേസമയം ഇതിനൊപ്പം പ്രഖ്യാപിച്ച, കേരളത്തിന്റെ വടക്കൻ ജില്ലകൾ വഴി കടന്നു പോകുന്ന വില്ലുപുരം–ഉധ്ന സ്പെഷൽ ട്രെയിനിലും സമാനമായ സ്ഥിതിയാണ്. ഇന്ന് ഉച്ചയ്ക്കു 12.34നു താംബരത്ത് നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഇന്നലെ വൈകിട്ട് വരെ 500ലേറെ ടിക്കറ്റുകൾ ബാക്കിയാണ്. ചെന്നൈയിൽ എഗ്മൂർ, പെരമ്പൂർ എന്നിവിടങ്ങളിലും കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റോപ്പുണ്ട്.
