ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരന്നു. നാലാമത്തെ ആഴ്ചയിലും വില താഴുന്ന പ്രവണതയാണ്. ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം പുനരാരംഭിച്ചതും യുഎസും ഇറാനും തമ്മിലുള്ള ചർച്ചയിൽ പുരോഗതി ഉണ്ടായതുമാണ് പ്രധാനകാരണം. ഇതോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ ആകട്ടെ 68 ഡോളർ നിലവാരത്തിലുമാണ്. 2024ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിലയിടിവാണിത്. വരും വർഷങ്ങളിൽ വില താഴുമെന്ന പ്രതീക്ഷയിൽ പ്രമുഖ ധനകാര്യ സ്ഥാപനമായ മക്വാറി ക്രൂഡ് വില അനുമാനം താഴ്ത്തിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം സാധാരണ നിലയിലാകുന്നത് വിതരണ ശൃംഖലയിലെ ആശങ്ക കുറച്ചു. ഇതോടെ എണ്ണ വിതരണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തി.

സൗദി അറേബ്യയിൽനിന്നുള്ള കയറ്റുമതി യുദ്ധത്തിന് മുമ്പുള്ളതിന്റെ 90 ശതമാനത്തോളം വീണ്ടെടുത്തു. മേഖലയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാണ് സൗദി. ഇവരുടെ ഭൂരിഭാഗം എണ്ണക്കപ്പലുകളും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ജൂൺ പകുതിയോടെ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പിട്ട പ്രാഥമിക ധാരണാപത്രം വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായത്തിൽ ഇറാൻ മിക്കവാറും നിബന്ധനകളോട് യോജിച്ചിട്ടുണ്ട്. ഇറാൻ ഇതിനകം തന്നെ ഉപരോധങ്ങളിൽ ഇളവ് നേടുകയും ഉത്പാദനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *