ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഇടക്കാല സ്റ്റേ വിധിച്ച് ഹൈക്കോടതി. ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, സ്കൂളുകളിലെ ഉച്ച ഭക്ഷണത്തില്‍ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവ് തുടങ്ങിയ ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
പുതിയ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ ലക്ഷദ്വീപ് സ്വദേശി അജ്മല്‍ അഹമ്മദ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദേശം. ഇപ്പോള്‍ സ്റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.
കേന്ദ്രസര്‍ക്കാരിന് എതിര് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള സാവകാശം കോടതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെ ഈ രണ്ട് ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.