ദില്ലി: ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസിന്റെ പ്രീമിയം എസ്.യു.വി. വാഹനമായ എ.എം.ജി. ജി63-യുടെ പ്രത്യേക പതിപ്പ് ഇന്ത്യൻ വിപണിയിലേക്കും. ഗ്രാന്റ് എഡിഷൻ എന്ന പേരിൽ എത്തുന്ന ഈ ജി-വാഗണിന് നാല് കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. കമ്പനി പുറത്തിറക്കുന്ന 1000 യൂണിറ്റിൽ 25 എണ്ണമാത്രമാണ് ഇന്ത്യൻ വിപണിയിൽ എത്തുക. ഇന്ത്യക്കായി എ.എം.ജി.ജി63-യുടെ 25 യൂണിറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും 2024-ന്റെ തുടക്കത്തിലായിരിക്കും ഇവ വിപണിയിൽ എത്തുകയെന്നാണ് കണക്കുകൂട്ടൽ. മെഴ്സിഡീസ് മെയ്ബ, എസ്-ക്ലാസ്, എ.എം.ജി. എന്നീ വാഹനങ്ങളുടെ ഉടമകൾക്ക് ഈ വാഹനം നൽകുന്നതിൽ മുൻഗണന നൽകുമെന്നാണ് റിപ്പോർട്ട്.
നൈറ്റ് ബ്ലാക്ക് നിറത്തിനൊപ്പം ഗോൾഡൻ ഫിനീഷിങ്ങിലുള്ള ഗ്രാഫിക്സുകളും നൽകിയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്.
അകത്തളത്തിലെ ഭൂരിഭാഗം ഏരിയയും നാപ്പ ലെതറിൽ പൊതിഞ്ഞാണ് തീർത്തിരിക്കുന്നത്. സീറ്റിലെ സ്റ്റിച്ചിങ്ങുകൾ സ്വർണ നിറത്തിലുള്ള നൂലിലാണ്. വാഹനം സ്പെഷ്യൽ എഡിഷനാണെന്ന് തെളിയിക്കുന്നതിനായി പാസഞ്ചർ ഗ്രാബ് ഹാൻഡിലിൽ ഗ്രാന്റ് എഡിഷൻ എന്ന ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. പെർഫോമെൻസ് ശ്രേണിയിൽ വരുന്ന വാഹനമായതിനാൽ തന്നെ ആഡംബരത്തിന് പുറമെ, കരുത്തും ഈ വാഹനത്തിന്റെ മുഖമുദ്രയാണ്. വെറും 4.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താനും ഈ കരുത്തന് കഴിയും