ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവായ തുകയുടെ വിവരങ്ങള്‍ പുറത്ത്. 2022 സെപ്തംബറിനും 2023 ജനുവരിക്കും ഇടയില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവാക്കിയ ആകെ തുക 71.8 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2022-23 വര്‍ഷത്തേക്കുള്ള കോണ്‍ഗ്രസിന്റെ മൊത്തം വാര്‍ഷിക ചെലവിന്റെ 15.3 ശതമാനവും ഭരണപരവും പൊതുപരവുമായ ചെലവുകളുടെ 30 ശതമാനവുമാണ് യാത്രയ്ക്കായി ചെലവാക്കിയത്. 2022-23 കാലയളവിലെ കോണ്‍ഗ്രസിന്റെ മൊത്തം വരവ് 2021-22 ലെ 541 കോടിയില്‍ നിന്ന് 452 കോടി രൂപയായി കുറഞ്ഞു. അതേസമയം, മൊത്തം ചെലവ് 400 കോടിയില്‍ നിന്ന് 467 കോടിയായി ഉയരുകയും ചെയ്തു.