കേരളത്തിന്റെ വികസന മുന്നേറ്റങ്ങൾക്ക് ശാസ്ത്രീയ അടിത്തറ പാകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 38-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് ആമുഖപ്രസംഗം നടത്തുന്ന ചടങ്ങിൽ, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ അധ്യക്ഷത വഹിക്കും.

പ്രശസ്ത ശാസ്ത്രജ്ഞ ഡോ. ടെസി തോമസിനുള്ള 2024-ലെ കേരള ശാസ്ത്ര പുരസ്‌കാരം ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. സംസ്ഥാനത്തിന്റെ ശാസ്ത്ര മേഖലയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം നൽകുന്നത്.ശനിയാഴ്ച നടന്ന വിവിധ സാങ്കേതിക സെഷനുകളിൽ പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കൃഷി, ഭക്ഷ്യ സുരക്ഷ, ബയോടെക്‌നോളജി, രാസശാസ്ത്രം തുടങ്ങിയ മേഖലകളിൽ നടന്ന ചർച്ചകൾക്ക് പ്രൊഫ. ജിജു പി. അലക്‌സ്, ഡോ. രാജീവ് കെ. സുകുമാരൻ, പ്രൊഫ. എ. അനൂപ് എന്നിവർ നേതൃത്വം നൽകി. കൂടാതെ പ്രൊഫ. പി.ആർ. ബിജു, ഡോ. ജാക്‌സൺ ജെയിംസ്, ഡോ. ഡി. ശിവാനന്ദ പൈ എന്നിവരടക്കം നിരവധി വിദ്ഗ്ധർ വിവിധ സെഷനുകളിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

കുഫോസിന്റെ (KUFOS) നേതൃത്വത്തിൽ നടന്ന പ്രത്യേക പാനൽ ചർച്ചയിൽ ‘ബ്ലൂ ഇക്കണോമി’, ജൈവവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, ശാസ്ത്രാധിഷ്ഠിത വികസനം എന്നിവയെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നു. കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ ചർച്ചയ്ക്ക് അധ്യക്ഷത വഹിച്ചു. ശാസ്ത്ര ലോകത്തെ പുതിയ പ്രവണതകളും കേരളത്തിന്റെ ഭാവിയും ചർച്ച ചെയ്യുന്ന ഈ സമ്മേളനം വരും ദിവസങ്ങളിലും തുടരും.

Leave a Reply

Your email address will not be published. Required fields are marked *