സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.medisep.kerala.gov.in സന്ദർശിച്ച് മെഡിസെപ് ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പെൻഷൻകാർക്ക് ലോഗിൻ ചെയ്യുന്നതിനായി മെഡിസെപ് ഐഡി ആയും പിപിഒ നമ്പർ പാസ്‌വേർഡായും ഉപയോഗിക്കാം.
ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യ്താലുടൻ കാർഡിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്തണം. കാർഡിൽ പേര് ഇല്ലാതിരിക്കുകയോ, വിവരങ്ങളിൽ തെറ്റുകൾ ഉണ്ടാവുകയോ ചെയ്താൽ ചികിത്സാ സഹായം ലഭിക്കുന്നതിന് തടസ്സമുണ്ടാകും. വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമുണ്ടെങ്കിൽ ഈ മാസം 25-ാം തീയതിക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
ട്രഷറി വഴി പെൻഷൻ കൈപ്പറ്റുന്നവർ അതത് ട്രഷറികളിലും, ബാങ്ക് വഴി കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറിയിലുമാണ് തിരുത്തലുകൾക്കായി സമീപിക്കേണ്ടത്. 25-ാം തീയതിക്ക് ശേഷം ഡാറ്റയിൽ മാറ്റങ്ങൾ വരുത്താനോ പുതിയ ആശ്രിതരെ ഉൾപ്പെടുത്താനോ സാധിക്കില്ലെന്നും, ഈ തീയതിക്ക് ശേഷം നടത്തുന്ന തിരുത്തലുകൾ ഐഡി കാർഡിൽ പ്രതിഫലിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
