മലപ്പുറം: എടവണ്ണപ്പാറയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. എടവണ്ണപ്പാറ നരുവായിൽ സിദ്ധീഖിന്റെ മകൻ അഹമ്മദ് നവാജ് ആണ് മരിച്ചത്. കൂടെ കിണറ്റിൽ വീണ പത്തു വയസ്സുകാരനായ സഹോദരൻ അഹമ്മദ് മിൻഹാജിനെ അയൽവാസിയായ യുവതി കൃത്യസമയത്ത് നൽകിയ സി.പി.ആറിലൂടെ രക്ഷിച്ചു.
ചീക്കോട്ടെ ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു നവാജും മിൻഹാജും. വീടിന് സമീപം മയിലിനെ കണ്ടപ്പോൾ അതിന് പിന്നാലെ ഓടിയ കുട്ടികൾ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ വഴിയാത്രക്കാരൻ ഉടൻ കിണറ്റിലിറങ്ങി രണ്ടുപേരെയും കരയ്ക്കെത്തിച്ചു. കരയ്ക്കെത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന പത്തു വയസ്സുകാരൻ മിൻഹാജിന് അയൽവാസിയായ നസിയ എന്ന യുവതി അഞ്ചു മിനിറ്റോളം തുടർച്ചയായി സി.പി.ആർ നൽകി. യുവതിയുടെ ഈ സമയോചിതമായ ഇടപെടലിൽ കുട്ടി പ്രതികരിക്കുകയും ജീവൻ തിരിച്ചുപിടിക്കുകയുമായിരുന്നു. എന്നാൽ അഞ്ചു വയസ്സുകാരൻ നവാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാലിയപ്രം ഗവ. എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച നവാജ്.
