കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ കടുത്ത വിമർശനവുമായി കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്ത്. ഇത്തവണത്തെ ബജറ്റ് തികച്ചും നിരാശാജനകമാണെന്നും കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ സമ്പദ്‌വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, വിഴിഞ്ഞം തുറമുഖ വികസന പദ്ധതികൾ എന്നിവയെ കേന്ദ്രം പൂർണ്ണമായും അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“കഴിഞ്ഞ തവണത്തെ ബജറ്റിൽ താമരക്കുരുവാണ് കിട്ടിയതെങ്കിൽ ഇത്തവണ അത് കടലാമയായി മാറി” എന്ന പരിഹാസത്തോടെയാണ് മന്ത്രി കേന്ദ്ര നിലപാടിനെ വിമർശിച്ചത്. അതിവേഗ റെയിൽ പാതയ്ക്കായി കേരളം സമ്മർദ്ദം ചെലുത്തിയെങ്കിലും യാതൊരു പരിഗണനയും ലഭിച്ചില്ല. അങ്കണവാടി ജീവനക്കാർക്കും ആശാവർക്കർമാർക്കും വേതന വർദ്ധനവ് പ്രഖ്യാപിക്കാത്തത് കേന്ദ്രത്തിന് പണമില്ലാത്തതിന്റെ തെളിവാണ്. സാമ്പത്തിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാനോ കാർഷിക-ആരോഗ്യ മേഖലകളെ ഉത്തേജിപ്പിക്കാനോ ഉള്ള പദ്ധതികൾ ബജറ്റിലില്ല. കേരളത്തിനുള്ള നികുതി വിഹിതത്തിൽ 1.9 ശതമാനത്തിൽ നിന്ന് 2.38 ശതമാനമായി ചെറിയ വർദ്ധനവ് ഉണ്ടായതൊഴിച്ചാൽ സംസ്ഥാനത്തിന് എടുത്തുപറയാവുന്ന നേട്ടങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *