ബജറ്റ് മോദി സർക്കാറിന്റെ ‘ഒന്ന് പറയും വേറൊന്ന് ചെയ്യും’ എന്ന സ്വഭാവം തെളിയിക്കുന്നതാണെന്ന് ബിനോയ് വിശ്വം. കേരളത്തോട് ബജറ്റിൽ കടുത്ത വിവേചനമാണ് കാണിച്ചിരിക്കുന്നത്. കേരളം ഏറെ പ്രതീക്ഷയോടെ ആവശ്യപ്പെട്ട വിഴിഞ്ഞം, അതിവേഗ റെയിൽ സംവിധാനം, ഇൻഡസ്ട്രിയൽ കോറിഡോർ, ശബരി റെയിൽ എന്നിവ ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. കേന്ദ്രത്തിന്റെ തീർത്ഥാടന ടൂറിസം പദ്ധതികളിൽ ശബരിമല, ഗുരുവായൂർ, വൈക്കം തുടങ്ങിയ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കി. വോട്ട് നേടാൻ വേണ്ടി മാത്രമാണ് ബിജെപി ദൈവത്തെയും വിശ്വാസത്തെയും കൂട്ടുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് രാഷ്ട്രീയ താൽപ്പര്യമുള്ള സംസ്ഥാനങ്ങൾക്ക് വേണ്ടതെല്ലാം നൽകുമ്പോൾ അവർക്ക് താൽപ്പര്യമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റിനെ ‘യുവശക്തി ബജറ്റ്’ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ 45 ശതമാനമായി വർധിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ ഇതിൽ യാതൊരു പദ്ധതിയുമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സാധാരണ ജനങ്ങളെ മറന്നുകൊണ്ടുള്ള ‘അദാനി അംബാനി ബജറ്റ്’ ആണിതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
