കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ച നടപടിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തോട് കേന്ദ്രസർക്കാർ പരസ്യമായ ‘യുദ്ധപ്രഖ്യാപനം’ ആണ് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ അവഗണനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജനകീയ ജാഥയിലൂടെ കേന്ദ്രത്തിന്റെ വഞ്ചന ജനങ്ങളോട് വിശദീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
“കേരളം ഒന്നും ആവശ്യപ്പെട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കള്ളമാണ്. എയിംസ് ഉൾപ്പെടെ 29 പ്രധാന ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തിന് മുന്നിൽ വെച്ചത്. എന്നാൽ ഒന്നിൽ പോലും അനുകൂല തീരുമാനമുണ്ടായില്ല. അതിവേഗ റെയിൽ പദ്ധതി ഇല്ലാത്തതിൽ മെട്രോ മാൻ ഇ. ശ്രീധരൻ തന്നെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ ഇടതുപക്ഷ ബദലിനെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ നവകേരളം എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടുപോകും,” എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ആർ.ആർ.ടി.എസ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റിനെ പരിഹസിച്ച് രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസും രംഗത്തെത്തി. “കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമയെ മാത്രമാണ് കിട്ടിയത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കണ്ണിൽ പൊടിയിടാൻ പോലും ഒന്നും നൽകാത്ത ബജറ്റാണിതെന്നും ധനകാര്യ കമ്മീഷനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയൽസംസ്ഥാനമായ തമിഴ്നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ ലഭിച്ചപ്പോൾ കേരളത്തെ ബോധപൂർവ്വം തഴഞ്ഞത് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
