കോഴിക്കോട് കോർപറേഷൻ സാക്ഷിയാകുന്നത് അഭൂതപൂർവ്വമായ വികസനത്തിനെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മൊകവൂരിൽ സ്ഥാപിച്ച ഹെൽത്ത് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഉണ്ടായിരുന്ന സബ് സെൻ്ററുകൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എല്ലാവർക്കും ആരോഗ്യം’ എന്ന കോഴിക്കോട് നഗരസഭയുടെ ആരോഗ്യനയത്തിൻ്റെ ഭാഗമായി വിവിധ വാർഡുകളിൽ സ്ഥാപിക്കുന്ന സൗജന്യ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഹെൽത്ത് & വെൽനസ് സെൻ്ററുകൾ. കേന്ദ്ര ഗ്രാൻ്റ് ഉപയോഗിച്ച് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ഹെൽത്ത് സെൻ്ററുകളാണ് ആകെ ലക്ഷ്യമിട്ടത്. മാർച്ച് 24 നകം ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാണ് നഗരസഭയുടെ ശ്രമം. പന്ത്രണ്ടാമത് ഹെൽത്ത് സെൻ്ററാണ് മൊകവൂരിൽ ആരംഭിച്ചത്.
നഗരസഭയിലെ എല്ലാ ജനങ്ങൾക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ഒരുപോലെ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഓരോ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററിൻ്റെ കീഴിലും മൂന്ന് വീതം ഹെൽത്ത് & വെൽനസ് സെൻ്ററുകൾ എന്ന തോതിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതുപ്രകാരം രണ്ടോ മൂന്നോ വാർഡുകൾക്ക് എന്നോണം രണ്ട് കിലോമീറ്റർ പരിധിയിൽ പൊതുജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. മൊകവൂരിൽ പെരിങ്ങിണി ജംഗ്ഷന് സമീപം വാടക കെട്ടിടത്തിലാണ് സെൻ്റർ നിലവിൽ പ്രവർത്തിക്കുക. ഉച്ച ഒരു മണി മുതൽ വൈകീട്ട് ഏഴ് മണി വരെ ഒപി സേവനം സെൻ്ററുകളിൽ ലഭ്യമാക്കും. ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെ നാലു ജീവനക്കാരാണ് സെൻ്ററിൽ ഉണ്ടാവുക. ദിനേന നൂറ്റമ്പതോളം പേർക്കുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കും.
ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള വാക്സിനേഷൻ, പകർച്ചവ്യാധി നിയന്ത്രണവും ചികിത്സയും, പകർച്ചേതര രോഗ ചികിത്സ തുടങ്ങി സാധാരണ പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ ലഭ്യമാകുന്ന സേവനങ്ങൾ കൂടാതെ വെൽനസ്സ് പ്രവർത്തനങ്ങളായ കൗമാരക്കാർക്കുള്ള പ്രത്യേക ക്ലിനിക്കുകൾ, ജീവിതശൈലി രോഗങ്ങൾ, മാനസിക പിരിമുറുക്കം, ലഹരി ഉപയോഗം എന്നിവയെ നിയന്ത്രിക്കുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ, കൗൺസലിംഗ്, യോഗ പരിശീലനത്തിനുള്ള സൗകര്യം, ഓപ്പൺ ജിം, വയോജനജനങ്ങൾക്കുള്ള സായാഹ്നോല്ലാസകേന്ദ്രം എന്നീ നിലയിലും ഈ ഹെൽത്ത് സെന്റർ പ്രവർത്തിക്കും.
ദേശീയ ആരോഗ്യ ദൗത്യം, ദേശീയ ആയുഷ് മിഷൻ എന്നിവയുമായി ചേർന്നാണ് വെൽനസ്സ് സെൻ്ററുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.പരിപാടിയിൽ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ റിപ്പോർട്ടവതരണം നടത്തി. കൗൺസിലർമാരായ എസ് എം തുഷാര, വി പി മനോജ്, ഇ പി സഫീന, കെ റീജ, സി വി ആനന്ദകുമാർ, മഹേഷ് എന്നിവരും ബാലഗോപാലൻ കോവിളി, രാഹുൽ വെള്ളാങ്കൂർ, സി കെ സുരേഷ്, സുനിൽ കുമാർ കിഴക്കയിൽ, മെഡിക്കൽ ഓഫീസർമാരായ ഡോ. നിജിൻ, ഡോ. റൂബി എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യകാര്യം സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ സ്വാഗതം പറഞ്ഞു.
വിവിധ സമിതി അധ്യക്ഷരായ ഒ പി ഷിജിന (വികസനകാര്യം), പി ദിവാകരൻ (ക്ഷേമകാര്യം), പി സി രാജൻ (മരാമത്ത്), കൃഷ്ണകുമാരി (നഗരാസൂത്രണം), പി കെ നാസർ (നികുതി അപ്പീൽ), സി രേഖ (വിദ്യാഭ്യാസ കായിക കാര്യം) തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *