ഇറാൻ – ഇസ്രായേൽ സംഘർഷത്തിനിടെ ഇറാനിലെയും ഇസ്രയേലിലെയും പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യ. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഒരുക്കങ്ങൾ ചർച്ചചെയ്ത് വരുന്നതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമേഷ്യൻ മിഡിൽ ഈസ്റ്റ് മേഖലകളിലെ സാഹചര്യം വഷളായതോടെയാണ് നീക്കം. പല മേഖലയിലെയും വ്യോമ പാത അടച്ചതോടെയാണ് പ്രത്യേക ദൗത്യത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നത്.
അതേസമയം, ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇന്ത്യൻ പൗരന്മാർ പരമാവധി വീടിനുള്ളിൽ തന്നെ കഴിയണമെന്നും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും കൂടുതൽ അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും എംബസി ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമമായ എക്സിലൂടെയാണ് അറിയിച്ചത്.
ഇസ്രയേലും യുഎസും തമ്മിലുള്ള സംയുക്ത ആക്രമണത്തിന് “ഓപ്പറേഷൻ റോറിംഗ് ലയൺ” എന്നാണ് പേര് നൽകിയിരിക്കുന്നത്. തലസ്ഥാനമായ ടെഹ്റാനിന്റെ തെക്കൻ ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
