ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് നൽകരുതെന്ന് ചിലർ പറഞ്ഞുവെന്നും പുനരധിവാസ പദ്ധതിക്കെതിരെ പ്രവർത്തിച്ചവരുടെ ഭാഗത്ത് നിന്ന് യുദ്ധനീതി പോലും ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരധിവാസ പദ്ധതി യാഥാർത്ഥ്യമാകാൻ നിരവധി പ്രയാസങ്ങൾ നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വ്യാജപ്രചരണം മുതൽ കേന്ദ്ര സഹായ നിഷേധം വരെയുണ്ടായി. യഥാർഥ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കേണ്ട മാധ്യമങ്ങൾ വ്യാജം ചമച്ചുവെന്നും പുനരധിവാസ പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവും സാഹോദര്യവുമാണ് ഇത്തരമൊരു ടൗൺഷിപ്പ് എന്ന ആശയത്തിലേക്ക് നയിച്ചത്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് തങ്ങൾ ഒരുമിച്ച് ജീവിച്ചതുപോലെ തന്നെ തുടർന്നും ഒരുമിച്ച് കഴിയണമെന്ന ആഗ്രഹമുണ്ടായിരുന്നു. അവരുടെ ഈ ആഗ്രഹത്തിനൊപ്പം നിൽക്കാനാണ് സർക്കാർ ടൗൺഷിപ്പ് എന്ന ആശയത്തിന് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
ടൗൺഷിപ്പിൽ താമസിക്കുന്നതിന് പകരം സ്വന്തമായി മാറി താമസിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവരെ തടയില്ലെന്നും, അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും സർക്കാർ ഉറപ്പുനൽകുന്നു. പദ്ധതിയുമായി സഹകരിക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ, കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ സന്നദ്ധത പ്രകടിപ്പിച്ചു. നിരവധി പേർ വീടുകൾ നിർമ്മിച്ചു നൽകാൻ മുന്നോട്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു.
