കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ എടിവിഎം കേന്ദ്രീകരിച്ച് വ്യാജ ഡിജിറ്റൽ തെളിവുകൾ കാണിച്ച് ടിക്കറ്റ് തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഒഡിഷ സമന്ത്രാപ്പൂർ സ്വദേശി നാരായൺ പാണ്ഡെ (20) ആണ് കോഴിക്കോട് റെയിൽവേ പോലീസിന്റെ വലയിലായത്. എടിവിഎം കൗണ്ടറിലെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഫെസിലിറ്റേറ്ററുടെ മൊബൈൽ നമ്പർ വാങ്ങിയ ശേഷം, പണമയച്ചുവെന്ന് വിശ്വസിപ്പിക്കാൻ ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻഷോട്ടും ബാങ്ക് സന്ദേശത്തിന് സമാനമായ വ്യാജ എസ്എംഎസും കാണിച്ചാണ് ഇയാൾ ടിക്കറ്റുകൾ കൈക്കലാക്കിയിരുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ദീർഘദൂര ടിക്കറ്റുകൾ പിന്നീട് പ്രധാന കൗണ്ടറിലെത്തിച്ച് ക്യാൻസൽ ചെയ്ത് പണം കൈക്കലാക്കുന്നതായിരുന്നു ഇയാളുടെ രീതി.

കഴിഞ്ഞ ഫെബ്രുവരി 23-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നിസാമുദ്ദീനിലേക്ക് 8,100 രൂപയുടെ ഏഴ് ടിക്കറ്റുകൾ ഇതേ രീതിയിൽ ഇയാൾ തട്ടിയെടുത്തിരുന്നു. പണമയച്ചതായി ഫോണിൽ സന്ദേശം കണ്ടെങ്കിലും ബാങ്ക് അക്കൗണ്ടിൽ തുക എത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ട ഫെസിലിറ്റേറ്ററായ സ്ത്രീ റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച നിരീക്ഷണത്തിനൊടുവിൽ വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനിൽ വെച്ച് തന്നെ പ്രതിയെ പിടികൂടി. സമാനമായ രീതിയിൽ പലയിടങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും വലിയൊരു തട്ടിപ്പ് സംഘത്തിന്റെ കണ്ണിയാണ് ഇയാളെന്നും പോലീസ് സൂചിപ്പിച്ചു.

റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സി. പ്രദീപ് കുമാർ, എസ്.ഐ. എം. ജയന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പിടിയിലായ നാരായൺ പാണ്ഡെയെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോൾ വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും അക്കൗണ്ടിൽ പണം എത്തിയെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് ഉദ്യോഗസ്ഥർക്കും ഫെസിലിറ്റേറ്റർമാർക്കും റെയിൽവേ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *