ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും കൊലപാതകത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക ധാർമ്മികതയുടെയും നഗ്നമായ ലംഘനമാണെന്ന് പുടിൻ കുറ്റപ്പെടുത്തി. ഇറാൻ പ്രധാനമന്ത്രി മസൂദ് പെഷേഷ്കിയാന് അയച്ച പ്രത്യേക അനുശോചന സന്ദേശത്തിലാണ് റഷ്യൻ പ്രസിഡന്റ് തന്റെ നിലപാട് വ്യക്തമാക്കിയത്.

റഷ്യ മാർച്ച് ഒന്നിന് പുറത്തുവിട്ട കത്തിൽ, ഖമേനിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പുടിൻ, അദ്ദേഹത്തെ ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനായി വിശേഷിപ്പിച്ചു. റഷ്യയും ഇറാനും തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിൽ ഖമേനി വഹിച്ച വ്യക്തിപരമായ പങ്കിനെ അദ്ദേഹം അനുസ്മരിച്ചു. മേഖലയെ മൊത്തം ഒരു മഹാദുരന്തത്തിലേക്ക് തള്ളിവിടാൻ സാധ്യതയുള്ള “അപകടകരമായ സാഹസികത” എന്നാണ് ഇറാനെതിരായ വ്യോമാക്രമണങ്ങളെ റഷ്യൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.യുക്രെയ്ൻ സംഘർഷം ആരംഭിച്ചത് മുതൽ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നാണ് ഇറാൻ. 2025-ൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച തന്ത്രപരമായ പങ്കാളിത്ത കരാർ ഈ ബന്ധത്തെ കൂടുതൽ ആഴത്തിലുള്ളതാക്കിയിരുന്നു. കൂടാതെ ഇറാനെതിരായ ആക്രമണങ്ങൾക്ക് ആഗോളതലത്തിൽ പ്രതിഫലനമുണ്ടാകുമെന്നും അത് തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *