എപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള വില വർധനവുകൾ ഇന്ന് മുതൽ നിലവിൽ വരും.
വാഹന രജിസ്‌ട്രേഷൻ, ആവശ്യ മരുന്നുകൾ തുടങ്ങി എല്ലാത്തിനും ചെലവ് കൂടും.

ഡീസല്‍ കാറുകള്‍ക്ക് 10 ശതമാനം ഹരിത നികുതിയാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ടിവരിക. ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനമാണ് നികുതി.

പാരസെറ്റമോള്‍ ഉള്‍പ്പെടെ എണ്ണൂറിലധികം മരുന്നുകളാണ് വില കൂടുന്നവയുടെ പട്ടികയിലുള്ളത്. ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ മിനറല്‍ ടാബ്ലറ്റുകള്‍, പ്രമേഹം എന്നിവയുടെ മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതേ സമയം, ഇടതുമുന്നണി അംഗീകരിച്ച നിരക്ക് വര്‍ധന അനുസരിച്ച് വകുപ്പ് ഫെയര്‍ സ്റ്റേജ് നിശ്ചയിക്കാന്‍ ഒരാഴ്ച എടുക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ ഇന്ന് പ്രതീക്ഷിച്ചിരുന്ന ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന ഉണ്ടാവില്ല. നിരക്ക് കൂട്ടാൻ ഒരാഴ്ചയോളം വൈകുമെന്നാണ് റിപ്പോർട്ട്.
എന്നാല്‍ വിവിധ റോഡുകളില്‍ ടോള്‍ നിരക്ക് ഇന്ന് മുതല്‍ വര്‍ധിക്കും. പത്ത് ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. കാറുകള്‍ക്ക് 10 രൂപ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് 65 രൂപ വരെ വര്‍ധനയാണ് ഉണ്ടാവുക. പാലക്കാട് ദേശീയ പാതയില്‍ പന്നിയങ്കരയില്‍ കാറിനുണ്ടായിരുന്ന ടോള്‍ നിരക്ക് 135 ല്‍ നിന്നും 150 ആയി ഉയര്‍ന്നു. എന്നാല്‍ തൃശ്ശൂര്‍ പാലിയേക്കരയില്‍ ടോള്‍ നിരക്കില്‍ മാറ്റമില്ല.

അതിനിടെ, രാജ്യത്തെ സിഎന്‍ജി വിലയും ഇന്ന് മുതല്‍ വര്‍ധിപ്പിച്ചു. പെട്രോളിനും, ഡീസലിനും പാചകവാതകത്തിനും വില തുടര്‍ച്ചയായി കൂട്ടുന്നതിനിടെ രാജ്യത്തെ സിഎന്‍ജി വിലയും കൂട്ടുന്നത്. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനയോടെ കൊച്ചിയില്‍ 72 രൂപയില്‍ നിന്നും 80 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ ഇത് 83 രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ അരി വിവിധയിനങ്ങള്‍ക്ക് കിലോയ്ക്ക് എട്ട് രൂപയാണ് വര്‍ധിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് നിരക്കില്‍ ഉള്‍പ്പടെ വില വര്‍ധിക്കുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *