സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം . പ്രസിഡന്റ് ഗോതാബായ രാജപക്സെയുടെ വസതിയിലേക്ക് നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി ഇന്നലെ രാത്രി എത്തിയത്. പ്രതിഷേധം നടത്തിയ 45 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീ അടക്കമാണ് അറസ്റ്റിലായത്.സംഭവത്തിൽ അഞ്ച് പൊലീസ് ഓഫീസർമാർക്ക് പരുക്ക് പറ്റിയതായി പൊലീസ് വക്താവ് അറിയിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു പൊലീസ് ബസ്, ജീപ്പ്, 2 ബൈക്കുകൾ എന്നിവ പ്രതിഷേധക്കാർ നശിപ്പിച്ചു എന്നും പൊലീസ് വക്താവ് പറഞ്ഞു. രാത്രി ഏറെ വൈകിയും പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് കണ്ണീര്‍ വാതകവവും ജലപീരങ്കിയും ഉപയോഗിച്ചു.

പ്രധാന നഗരമായ കൊളംബോയിലെ പല മേഖലകളിലും രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വ്യവസായിക തലസ്ഥാനത്തിന്റെ നാല് മേഖലകളില്‍ കര്‍ഫ്യു എര്‍പ്പെടുത്തിയതായി സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്, അമല്‍ എദിരിമനെ അറിയിച്ചു.ഹെല്‍മെറ്റുകള്‍ ധരിച്ചായിരുന്നു പ്രതിഷേധക്കാരെത്തിയത്.

ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം സർക്കാരിന്റെ പക്കലില്ലാത്തതിനാൽ 13 മണിക്കൂറിലധികം ലങ്കയില്‍ പവര്‍കട്ടാണ്.
അവശ്യസാധനങ്ങളുടെ ദൗർലഭ്യവും വിലക്കയറ്റവും നേരിടുന്ന ജനതയുടെ ആശങ്കകള്‍ വർധിപ്പിക്കുന്നതാണ് പവർകട്ട്. ഈ ദുരിതങ്ങള്‍ക്കിടെ പാചകവാതകവിലയും കൂടാനിടയുണ്ടെന്നാണ് വാര്‍ത്തകള്‍. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലകൂട്ടാന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ശ്രീലങ്കയിലെ ഏറ്റവും വലിയ പാചകവാതക കമ്പനിയായ ലിട്രോ ഗ്യാസിന്റെ ചെയര്‍മാന്‍ തെഷാര ജയസിങ്കെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സാമ്പത്തിക അടിയന്തിരാവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യ സഹായ വാഗ്ധാനം നൽകിയിരുന്നു. ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. മരുന്ന് അടക്കമുള്ള സഹായമാണ് ലഭ്യമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *