പണത്തിന് മുകളിൽ ജനാധിപത്യം ബേപ്പൂരിൽ വിജയിക്കുമെന്ന് ബേപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇത്തവണ എൽഡിഎഫി ന് വോട്ടു ലഭിക്കും.
വ്യക്തി അധിക്ഷേപമാണ് യൂഡിഎഫ് സ്ഥാനാർഥി നടത്തുന്നത്. വികസന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം വ്യക്തിപരമായ ആക്രമണങ്ങളിലേക്കാണ് യുഡിഎഫ് നീങ്ങുന്നത്. എന്നാൽ വികസനവും രാഷ്ട്രീയവും മുൻനിർത്തി ജനങ്ങൾ ഇടതുപക്ഷത്തെ നെഞ്ചിലേറ്റുമെന്നും ബേപ്പൂരിലെ വോട്ടർമാർ കൃത്യമായ മറുപടി നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നാട് ആഗ്രഹിച്ച വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനം വോട്ടെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇത്തവണ മറികടക്കുമെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
മാർച്ച് മാസം 15 നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനടി എൽ ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതായും ബേപ്പൂരിൽ മൂന്നു റൗണ്ട് പര്യടനം ഇപ്പോൾ തന്നെ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലത്തിലെ വോട്ടർമാരെ പണം കൊടുത്ത് വാങ്ങാൻ പറ്റില്ലെന്നും അദ്ദേഹം ബേപ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
