കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് എളമരം കരീം. ഉത്തരവാദിത്തമില്ലാത്ത ചില കോൺഗ്രസ് നേതാക്കൾ എഴുതിക്കൊടുക്കുന്നത് വായിക്കുക മാത്രമാണ് രാഹുൽ ചെയ്യുന്നതെന്നും സർക്കാരിനെ പരിഹസിക്കാൻ പാരഡി ഗാനങ്ങൾ ആലപിച്ച് പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ആദ്യം സ്വന്തം വീട്ടിലെ കാര്യങ്ങൾ പോയി നോക്കണമെന്നായിരുന്നു കരീമിന്റെ പരിഹാസം. ഹൈ സെക്യൂരിറ്റിയുള്ള സോണിയാ ഗാന്ധിയെ കാണാൻ എങ്ങനെ പെട്ടെന്ന് അനുമതി ലഭിക്കുന്നു എന്ന് അദ്ദേഹം ചോദിച്ചു. കെ. കരുണാകരനെപ്പോലെയുള്ള മുതിർന്ന നേതാക്കൾക്ക് പോലും സോണിയയെ കാണാൻ ദിവസങ്ങളോളം കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിവാദമായ എഫ്സിആർഎ ഭേദഗതിയിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നിലപാടിനെ കരീം ചോദ്യം ചെയ്തു. ഈ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഇന്ദിരാഗാന്ധി സർക്കാരാണ് ഈ നിയമം ആദ്യം കൊണ്ടുവന്നത്. ഇപ്പോൾ ഇത്രയും വലിയൊരു വിഷയം ചർച്ചയാകുമ്പോൾ കേരളത്തിലെത്തിയിട്ടും രാഹുൽ ഗാന്ധി ഒരക്ഷരം മിണ്ടിയില്ല. ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വന്നപ്പോൾ ലോക്സഭയിലോ രാജ്യസഭയിലോ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല,” എളമരം കരീം വിമർശിച്ചു.
