കടുവ വേട്ടയിൽ കുപ്രസിദ്ധി നേടിയ ഹബീബ് താലൂക്ദാർ പിടിയിൽ. എഴുപതിലേറെ ബംഗാൾ കടുവകളെ വേട്ടയാടി കൊന്ന ടൈഗർ ഹബീബ് എന്ന ഹബീബ് താലൂക്ദാറിനെ ബംഗ്ലാദേശ് വനത്തിനുള്ളിൽ വെച്ചാണ് പിടികൂടിയത്. ഇരുപത് വർഷക്കാലമായി ഇയാൾക്കായി വല വിരിച്ച് നടക്കുകയായിരുന്നു ബംഗ്ലാദേശ് പൊലീസ്.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന ബംഗാൾ കടുവകളെയാണ് ഹബീബ് താലൂക്ദാർ വേട്ടയാടിയിരുന്നത്. കാട്ടിൽ തേൻ ശേഖരിച്ച് തുടങ്ങിയ ഇദ്ദേഹം പിന്നീട് കടുവ വേട്ടയിലേക്ക് തിരിയുകയായിരുന്നു. ബംഗാൾ കടുവകളുടെ വലിയ ആവാസവ്യസ്ഥയായ, ഇന്ത്യയിലും ബംഗ്ലാദേശിലുമായി പരന്ന് കിടക്കുന്ന സുന്ദർബൻസ് വനമേഖലയിലായിരുന്നു അൻപതുകാരനായ ഹബീബ് വേട്ട നടത്തിവന്നത്.
വേട്ട ചെയ്ത് കൊലപ്പെടുത്തുന്ന കടുവയുടെ നഖവും എല്ലും അവയവങ്ങളും കരിഞ്ചന്തയിൽ വിൽക്കുന്നതാണ് ഇയാളുടെ രീതി. ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിലേക്കാണ് ഇവ കയറ്റി അയക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.