കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബ്രിജേഷ് ഉടന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ബ്രിജേഷ് കലപ്പയുടെ വിശദീകരണം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് വിടുന്നതായി കലപ്പ അറിയിച്ചത്. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടമായെന്നും 1997 മുതലുള്ള ബന്ധം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.
‘2013-ലെ യുപിഎ കാലം മുതല്‍ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ചാനലുകളില്‍ ഞാന്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നു. ഏതാണ്ട് ഒരു ദശാബ്ദക്കാലമായി 6497 സംവാദങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ, പാര്‍ട്ടി എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി ഏല്‍പ്പിക്കുകയും ചെയ്തിരുന്നു’ എന്ന് അദ്ദേഹം കുറിപ്പില്‍ അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവച്ചു എന്ന സംതൃപ്തിയിലാണ് താനെന്നും കലപ്പ സോണിയ ഗാന്ധിക്കുള്ള കുറിപ്പില്‍ പറഞ്ഞു.
പാര്‍ട്ടിക്കായുള്ള തന്റെ പ്രകടനം ഉന്മേഷമില്ലാത്തതും അലസവുമാണെന്ന് പറഞ്ഞ അദ്ദേഹം ഈയിടെയായി തനിക്ക് താല്‍പര്യം നഷ്ടപ്പെട്ടുവെന്നും അറിയിച്ചു. 2014 ലെയും 2019 ലെയും തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ശേഷവും പാര്‍ട്ടിയെ പ്രതിനിധീകരിക്കുമ്പോള്‍ തനിക്ക് ഊര്‍ജത്തിന്റെയും ഉത്സാഹത്തിന്റെയും കുറവൊന്നും തോന്നിയിട്ടില്ലെന്നും ബ്രിജേഷ് കലപ്പ പറഞ്ഞു.