അപകടസാധ്യത ഘടകങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും മങ്കിപോക്‌സ് ബാധിച്ച രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് കുറയ്ക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രോഗബാധിതനായ ഒരു വ്യക്തിയുമായി ദീര്‍ഘനേരം അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള സമ്പര്‍ക്കം ഉണ്ടെങ്കില്‍ ആര്‍ക്കും മങ്കിപോക്‌സ് പിടിപെടാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യരില്‍ മങ്കിപോക്‌സ് പടര്‍ന്നുപിടിക്കുമ്പോള്‍ രോഗബാധിതരുമായി അടുത്തിടപഴകുന്നത് മങ്കിപോക്‌സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മങ്കിപോക്‌സ് ബാധിച്ച ഒരു രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കിടക്കകള്‍ പോലെയുള്ള ഏതെങ്കിലും വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കുക. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം കൈ ശുചിത്വം പാലിക്കുക.

രോഗബാധിതരുടെ അടുത്ത് പോകുമ്പോള്‍, മാസ്‌കുകളും ഡിസ്‌പോസിബിള്‍ കയ്യുറകളും ധരിക്കുക. പരിസര ശുചീകരണത്തിന് അണുനാശിനികള്‍ ഉപയോഗിക്കുക. മങ്കിപോക്‌സ് രോഗം ബാധിച്ചവര്‍ ഉപയോഗിച്ച കിടക്ക, ടവ്വല്‍ എന്നിവ ഉപയോഗിക്കരുത്. മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്.

അതേസമയം, രാജ്യത്തെ മങ്കി പോക്‌സ് വ്യാപനം നിരീക്ഷിക്കാന്‍ ദൗത്യസംഘത്തെ (ടാസ്‌ക് ഫോഴ്സ്) നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. നിതി ആയോഗ് അംഗം വി കെ പോള്‍ പ്രത്യേക സംഘത്തെ നയിക്കും.

കൂടാതെ, തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്റെ വീട്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *