വിവാഹ സല്‍ക്കാരത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വാടകയ്ക്ക് നല്‍കിയതിനെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. കണ്ണൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടാണ് പാനൂരില്‍ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് അസോസിയേഷന്‍ പരാതി നല്‍കി.

പൊലീസിനെ പ്രദര്‍ശന വസ്തുവാക്കരുത് എന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ പരാതിയില്‍ പറഞ്ഞു. ആഡംബര കല്യാണത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പൊലീസെന്ന് ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പ്രതികരിച്ചു.

വ്യക്തികളുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന വിഐപി, അയാളെ സംബന്ധിച്ച് മാത്രമാണ് വിഐപി. എന്നാല്‍ സംസ്ഥാന പൊലീസിന് അവര്‍ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവര്‍ അതിന് ശേഷം ആരോപണ വിധേയരായി മാറുന്നതും, പലരും ആരോപണങ്ങള്‍ ശരിവച്ച് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിതെന്നും സി ആര്‍ ബിജു പറഞ്ഞു.

സി.ആര്‍.ബിജുവിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണൂര്‍ ജില്ലയിലെ ഒരു സ്വകാര്യ ചടങ്ങിന് 4 പൊലീസ് ഉദ്യോഗസ്ഥന്മാരെ അനുവദിച്ച ഡിപ്പാര്‍ട്ട്‌മെന്റ് നടപടി മാധ്യമ വാര്‍ത്തകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. നിയമപരമല്ലാത്ത ഒരു കാര്യത്തിനും പൊലീസിനെ ഉപയോഗിക്കാന്‍ പാടില്ല എന്നത് തര്‍ക്കമറ്റ കാര്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയായ പൊലീസ് ആക്ടാണ് കേരളത്തിനുള്ളത്. ഈ പൊലീസ് ആക്ടില്‍ ജനപക്ഷ ചിന്തയില്‍, മികച്ച പൊലീസിങ്ങിനും പൊലീസ് സേവനത്തിനും ആവശ്യമായ എല്ലാം നിലവിലുണ്ട്. അതിന് വിരുദ്ധമായ സാഹചര്യത്തിലേക്ക് പൊലീസ് സേനയെ ഉപയോഗിക്കാതിരിക്കാനും വ്യക്തമായ സെക്ഷനുകള്‍ പൊലീസ് ആക്ടിലുണ്ട്.

കേരള പൊലീസ് ആക്ട് സെക്ഷന്‍ 62 ഈ കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. സെക്ഷന്‍ 62(2) ല്‍ ഒരു സ്വകാര്യ വ്യക്തിക്കോ സ്വത്തിനോ മാത്രമായി സൗജന്യമായോ ഫീസ് ഈടക്കിക്കൊണ്ടോ പ്രത്യേക പൊലീസിനെ ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്.

എന്നാല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ എന്ന പോലെ പൊലീസ് വകുപ്പിന്റെയും സ്ഥലമോ സാമഗ്രികളോ ഉപയോഗിക്കേണ്ടി വന്നാല്‍ അതിന് കൃത്യമായ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവും നിലവിലുണ്ട്. കാലങ്ങളായി നിലനില്‍ക്കുന്ന ഈ ഉത്തരവ് അവസാനമായി പരിഷ്‌കരിച്ച് 15/06/2022 ല്‍ GO(MS ) 117/2022/ ആഭ്യന്തരം ഉത്തരവാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്.

പൊലീസിന് മാത്രമായി കൈവശമുള്ള സംവിധാനങ്ങള്‍ ആവശ്യമായ ഘട്ടങ്ങള്‍ ഉണ്ടായാല്‍ അത് ആവശ്യക്കാര്‍ക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. പൊതുപരിപാടികളിലെ മൈക്ക് ഉപയോഗത്തിനുള്ള അനുമതി, ഇത്തരം പ്രചാരണ വാഹനത്തിനുള്ള അനുമതി, അതുപോലെ സിനിമാ – സീരിയല്‍ തുടങ്ങിയവയുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് പൊലീസ് വയര്‍ലസ് സെറ്റ്, പൊലീസ് ഡോഗ്, പൊലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍, പൊലീസ് വാഹനങ്ങള്‍, പോലീസ് സേനാംഗങ്ങള്‍ എന്നിവ നിശ്ചിത നിരക്കില്‍ വിട്ട് നല്‍കാനും ഈ ഉത്തരവ് കൃത്യമായി പറയുന്നു.

കൂടാതെ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സുരക്ഷ ആവശ്യമാണ് എന്ന് ബോധ്യപ്പെടുന്ന പക്ഷം അത്തരക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കാന്‍ പണം കൊടുത്ത് ഉപയോഗിക്കാന്‍ ഉതകുന്ന സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ( SISF) രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അല്ലാതെ ഏതെങ്കിലും വ്യക്തിയുടെ മക്കളുടെ ആഡംബര വിവാഹത്തിനോ പേരക്കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിന് ഉപയോഗിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍. ഇത്തരത്തില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് കേരള നിയമസഭ പാസാക്കിയ കേരള പൊലീസ് ആക്ട് വ്യക്തമായി പറയുന്നു എന്ന കാര്യം വിസ്മരിക്കേണ്ടതില്ല.

ഇനി, ഇത്തരം സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുന്നതില്‍ സുരക്ഷ നല്‍കേണ്ട ഏതെങ്കിലും വ്യക്തികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സുരക്ഷ നല്‍കാന്‍ നിലവില്‍ തന്നെ വകുപ്പുകള്‍ ഉണ്ട്. അത് കൃത്യമായി പൊലീസ് നല്‍കി വരുന്നുമുണ്ട്.

ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന വിഐപിമാരുടെ സുരക്ഷ എന്നതും ഗൗരവമായി കാണേണ്ടതാണ്. ആ വ്യക്തിയുടെ വിഐപി, അയാളെ സംബന്ധിച്ച് മാത്രമാണ് വിഐപി. സംസ്ഥാന പൊലീസിന് അവര്‍ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവര്‍ അതിന് ശേഷം ആരോപണ വിധേയരായി മാറുന്നതും പലരും ആരോപണങ്ങള്‍ ശരിവച്ച് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിത് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.

ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെ ഇത്തരത്തില്‍ പൊലീസ് സേവനത്തിനായി സമീപിക്കുന്ന അല്പന്മാരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. തന്റെ വലുപ്പം മറ്റുള്ളവരെ അറിയിക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് 1400 രൂപ എന്നതിന് പകരം ഒരു ലക്ഷം വരെ അടയ്ക്കാനും തയ്യാറുള്ളവര്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ ഈ നടപടി ആവര്‍ത്തിക്കാതിരിക്കേണ്ടതാണ്.

ഇങ്ങനെ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റേയും ഡിപ്പാര്‍ട്ട്‌മെന്റ് മേലധികാരികളുടേയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഈ വിഷയത്തില്‍ ബഹു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും സംഘടന നിവേദനം നല്‍കിയ വിവരം കൂടി അറിയിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *