ദില്ലി : ബന്ധു അടക്കം മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത പത്തുവയസ്സുകാരൻ മരിച്ചു. ഒരു മാസം മുമ്പാണ് അതിക്രൂരമായ സംഭവം നടന്നത്. തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടി ഇതുവരെ എൽഎൻജെപി ആശുപത്രിയിൽ ഐസിയുവിലായിരുന്നു.

അതിക്രമത്തിൽ പങ്കാളികളായ മൂന്ന് പേരും 10 നും 12 നും ഇടയിൽ പ്രായമുള്ളവരാണ്. ദില്ലിയിലെ സീലാംപൂർ മേഖലയിലാണ് ഇവരെല്ലാവരും താമസിക്കുന്നത്. നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ ക്രൂരമായ പീഡനമാണ് കുട്ടി നേരിട്ടതെന്നും മുറിവുകൾ ഗുരുതരമായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

പത്ത് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികാതിക്രമം നടന്ന് മുറിവേറ്റ നിലയിൽ പ്രവേശിപ്പിച്ചതായി എൽഎൻജെപി ആശുപത്രി അധികൃതരാണ് സീലാംപൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പൊലീസ് സംഘം ആശുപത്രിയിൽ എത്തുകയും കുട്ടിയുടെ രക്ഷിതാക്കളെ കാണുകയും ചെയ്തു. എന്നാൽ മൊഴി നൽകാൻ അവർ വിസമ്മതിച്ചു. ദില്ലി വനിതാ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് പൊലീസിന് നോട്ടീസ് നൽകുകയും ശക്തമായ അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തു. സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയും ലൈംഗികമായി പീഡിപ്പിച്ചും തന്റെ 10 വയസ്സുള്ള മകനെ ക്രൂരമായി ആക്രമിച്ചതായി ഒരു സ്ത്രീ പരാതി നൽകിയെന്നാണ് സംഭവത്തിൽ വനിതാ കമ്മീൃഷൻ പ്രതികരിച്ചത്.

കുട്ടിയുടെ നില ഗുരുതരമായതോടെ നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചത്. സെപ്തംബർ 24 വരെ മൊഴി നൽകാൻ വിസമ്മതിച്ച കുടുംബം പൊലീസ് ഒരുക്കിയ കൗൺസിലിംഗിന് ശേഷം സംഭവം തുറന്നുപറയാൻ തയ്യാറായി. തന്റെ മകനെ കുടുംബം വാങ്ങിയ കടം തിരിച്ച് നൽകാത്തതിന്റെ പേരിൽ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആക്രമിച്ചുവെന്നും അമ്മ മൊഴി നൽകി,

അമ്മയുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തു. മറ്റ് വകുപ്പുകൾ ചേർത്ത് പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കമ്പികൊണ്ടും ഇഷ്ടിക കൊണ്ടും മകനെ ആക്രമിച്ചെന്നും അമ്മ മൊഴിയിൽ പറഞ്ഞു. ബന്ധു അടക്കമുള്ള രണ്ട് പേർ മകനെ ബലാത്സംഗം ചെയ്തു. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *