മോർബി: ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്ന പ്രദേശം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മച്ചു നദിക്ക് മുകളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രി മോദി സന്ദർശിക്കും.

പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിൻറെ അവസാന ദിനമാണ് ഇന്ന്. ഇന്നലെ ഗുജറാത്ത് രാജ്ഭവനിൽ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നത തലയോഗം വിളിച്ച് ചേർത്തിരുന്നു. അതേസമയം, പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ കേബിളുകൾ തന്നെ ഉപയോഗിച്ചെന്നും കണ്ടെത്തി. ദുരന്തത്തിൽ ഇതുവരെ 140 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പാലത്തിൽ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജർമാർ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

മോർബി ദുരന്തത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കൊൽക്കത്തയിലെ മേൽപാലം തകർന്നപ്പോൾ മമത ബാനർജിക്കെതിരെ മോദി നടത്തിയ പരിഹാസം തിരിച്ചുയർത്തിയാണ് പ്രതിപക്ഷം വിമർശനം കടുപ്പിക്കുന്നത്. സർക്കാരിൻറെ അനാസ്ഥ പുറത്ത് കൊണ്ടുവരാൻ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *