കേരളം അതിദാരിദ്ര്യ സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 69ാം കേരളപ്പിറവി ആഘോഷിക്കുന്ന മലയാളികള്‍ക്ക് ഇത് അക്ഷരാര്‍ത്ഥത്തില്‍ പുതുയുഗ പിറവിയാണ്. 64,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തില്‍ നിന്നും ഇടത് സര്‍ക്കാര്‍ കൈപിടിച്ച് കയറ്റുന്നത്. കേരളം അതിദാരിദ്ര്യ മുക്തമാകുന്ന ഈ വേള ലോകോത്തരമായ ചരിത്ര മുഹൂര്‍ത്തമാണെന്ന് സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു.

കേരളത്തെ അതിദാരിദ്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന് മുഖ്യമന്ത്രി തക്കതായ മറുപടി നല്‍കി. നടപ്പാക്കാന്‍ കഴിയുന്ന കാര്യം എന്താണോ അതേ പറയാറുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ അതിദാരിദ്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. 2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. ഏറ്റവും പ്രധാനപ്പെട്ട കാര്യമായതുകൊണ്ടാണ് നിയമസഭയുടെ നടപടിക്രമത്തിലൂടെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷം എന്തിനാണ് ഇതിനെ ഭയപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ കേരളപ്പിറവി പുതുയുഗ പിറവി ദിനമാണ്, ചരിത്രത്തില്‍ ഇടം നേടുന്ന കേരളപ്പിറവിയാണ് ഇന്ന്. ചരിത്ര മുഹൂര്‍ത്തത്തിലാണ് ഇന്ന് സഭ സമ്മേളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സജീവ ജനപങ്കാളിത്തത്തോടെയാണ് ഗുണഭോക്തൃനിര്‍ണയം നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു, അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ടും ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയാണ് 64,006 പേരെ അതിദാരിദ്ര്യത്തില്‍ നിന്നും സര്‍ക്കാര്‍ കരകയറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *